---
title: "പയ്യന്നൂർ ഒന്നര വയസുകാരന്റെ മരണം: അന്വേഷണത്തിൽ മെല്ലെപ്പോക്ക് ആരോപിച്ച് ബന്ധുക്കൾ, മുഖ്യമന്ത്രിക്ക് പരാതി നൽകും"
english_title: "Payyanur Toddler Death Case: Family Alleges Delay in Probe, To Meet CM"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/374292/payyanur-toddler-death-case-family-alleges-delay-in-probe-to-meet-cm"
published_at: "2026-07-24T11:29:00+05:30"
category: "News"
language: "ml"
image: "https://panoor.truevisionnews.com/image-uploads/6a5768b4de98e_payyannur-baby-death-anaesthesia-postmortem-report-doctor-case.jpg"
keywords: ["Payyanur", "Devansh Shourya", "Medical Negligence", "Kannur BMH", "Dr Anjali Pothuval"]
---

# പയ്യന്നൂർ ഒന്നര വയസുകാരന്റെ മരണം: അന്വേഷണത്തിൽ മെല്ലെപ്പോക്ക് ആരോപിച്ച് ബന്ധുക്കൾ, മുഖ്യമന്ത്രിക്ക് പരാതി നൽകും

> **Lead Summary:** കണ്ണൂർ: പയ്യന്നൂരിലെ ഒന്നര വയസുകാരൻ ദേവാൻഷ് ശൗര്യയുടെ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ മെല്ലെപ്പോക്കുണ്ടെന്ന് ബന്ധുക്കൾ ആരോപിച്ചു. കേസിൽ അടിയന്തര ഇടപെടൽ വേണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിയെ നേരിൽ കണ്ട് പരാതി നൽകുമെന്നും കുടുംബം അറിയിച്ചു.

## Article Content

കണ്ണൂർ: പയ്യന്നൂരിലെ ഒന്നര വയസുകാരൻ ദേവാൻഷ് ശൗര്യയുടെ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ മെല്ലെപ്പോക്കുണ്ടെന്ന് ബന്ധുക്കൾ ആരോപിച്ചു. കേസിൽ അടിയന്തര ഇടപെടൽ വേണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിയെ നേരിൽ കണ്ട് പരാതി നൽകുമെന്നും കുടുംബം അറിയിച്ചു.

എം.പി രാജ്മോഹൻ ഉണ്ണിത്താന് ഇക്കാര്യം ചൂണ്ടിക്കാട്ടി പരാതിയും നൽകിയിട്ടുണ്ട്. ജില്ലാതല വിദഗ്ധ സമിതിയിലെ ഭൂരിഭാഗം അംഗങ്ങളും ചികിത്സാ വീഴ്ച ഉണ്ടായതായി ശരിവച്ചതായി ബന്ധുക്കൾ പറയുന്നു.

എന്നാൽ സംസ്ഥാനതല സമിതിയുടെ റിപ്പോർട്ട് വൈകുന്നതിൽ അവർ ആശങ്ക പ്രകടിപ്പിച്ചു. ആശുപത്രി മാനേജ്മെന്റിനെ രക്ഷിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും ബന്ധുക്കൾ കുറ്റപ്പെടുത്തി.

പയ്യന്നൂർ സ്വദേശികളായ സൂരജിന്റെയും വിജിഷയുടെയും ഏക മകനാണ് ദേവാൻഷ് ശൗര്യ. കളിക്കുന്നതിനിടെ വീണ് ചുണ്ടിലും താടിയിലും മുറിവേറ്റതിനെ തുടർന്ന് സ്റ്റിച്ച് ഇടാൻ പയ്യന്നൂർ ബി.എം.എച്ച് ആശുപത്രിയിൽ എത്തിച്ചതായിരുന്നു.

അവിടെ അനസ്തേഷ്യ നൽകിയതിന് പിന്നാലെ കുഞ്ഞിന്റെ നില ഗുരുതരമായി. തുടർന്ന് കണ്ണൂർ ബി.എം.എച്ച് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ദിവസങ്ങൾക്കുള്ളിൽ കുഞ്ഞ് മരിച്ചു.

കേസിൽ നിലവിൽ കുഞ്ഞിന് അനസ്തേഷ്യ നൽകിയ ഡോ. അഞ്ജലി പൊതുവാളിനെ മാത്രമാണ് പ്രതി ചേർത്തിരിക്കുന്നത്. ഡോക്ടറുടെ മുൻകൂർ ജാമ്യാപേക്ഷ തലശ്ശേരി കോടതി 27ന് പരിഗണിക്കും.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/374292/payyanur-toddler-death-case-family-alleges-delay-in-probe-to-meet-cm)