---
title: "ഇടയിൽ പീടികയിൽ ചൊക്ലി പൊലീസിന്റെ കുഴൽ പണ വേട്ട ; സ്കൂട്ടറിൽ കടത്തുകയായിരുന്ന 63 ലക്ഷത്തോളം രൂപ പിടികൂടി."
english_title: "Chokli Police Seize Rs 63.78 Lakh in Scooter, Gold Trader Arrested"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/374308/chokli-police-seize-rs-6378-lakh-in-scooter-gold-trader-arrested"
published_at: "2026-07-24T12:10:00+05:30"
category: "News"
language: "ml"
image: "https://panoor.truevisionnews.com/image-uploads/6a6309aaaba24_frfrfrfr.jpg"
keywords: ["Chokli Police", "Kuzhalpanam", "Hawala", "Gold Trader Arrest"]
---

# ഇടയിൽ പീടികയിൽ ചൊക്ലി പൊലീസിന്റെ കുഴൽ പണ വേട്ട ; സ്കൂട്ടറിൽ കടത്തുകയായിരുന്ന 63 ലക്ഷത്തോളം രൂപ പിടികൂടി.

> **Lead Summary:** ചൊക്ലി: ഇടയിൽ പീടികയിൽ വൻ കുഴൽപ്പണ വേട്ട. സ്കൂട്ടറിൽ കടത്തുകയായിരുന്ന 63 ലക്ഷത്തോളം രൂപയുമായി ഒരാളെ ചൊക്ലി പൊലീസ് പിടികൂടി.

## Article Content

ചൊക്ലി: ഇടയിൽ പീടികയിൽ വൻ കുഴൽപ്പണ വേട്ട. സ്കൂട്ടറിൽ കടത്തുകയായിരുന്ന 63 ലക്ഷത്തോളം രൂപയുമായി ഒരാളെ ചൊക്ലി പൊലീസ് പിടികൂടി.

ഇടയിൽ പീടിക വെള്ളാച്ചേരിക്കടുത്ത് വെച്ച് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. സ്കൂട്ടറിന്റെ ഡിക്കിയിൽ ഒളിപ്പിച്ച നിലയിലായിരുന്നു പണം. KL 58 J 4200 നമ്പർ സ്കൂട്ടറിൽ നിന്നായി 63,78,750 രൂപ പൊലീസ് കണ്ടെടുത്തു.

കരിയാട്ടെ പ്രിയങ്ക സ്വർണ വ്യാപാര സ്ഥാപനത്തിലെ ഉടമ പ്രിയങ്ക ചവൻ ദത്തത്രേയ സുബ്ബറാവു (50) ആണ് പിടിയിലായത്. പണത്തിന്റെ ഉറവിടത്തെക്കുറിച്ചും കടത്തിയതിന്റെ ഉദ്ദേശ്യത്തെക്കുറിച്ചും പൊലീസ് വിശദമായി ചോദ്യം ചെയ്യുന്നുണ്ട്.

ചൊക്ലി ഇൻസ്പെക്ടർ വി. ബിജുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. എസ്.ഐ ആർ. രാഗേഷ്, എസ്.സി.പി.ഒ മാരായ അനീഷ്, രജിൽ, സബീഷ്, സി.പി.ഒ മാരായ റിജ്വാൻ, രൂപേഷ് എന്നിവരും ഓപ്പറേഷനിൽ പങ്കെടുത്തു.

പിടികൂടിയ പണം കോടതിയിൽ ഹാജരാക്കിയ ശേഷം ആദായനികുതി വകുപ്പിന് കൈമാറും. സംഭവത്തിൽ ഹവാല ഇടപാടിന് സാധ്യതയുണ്ടെന്നും പൊലീസ് സംശയിക്കുന്നു. വിശദമായ അന്വേഷണം തുടരുകയാണ്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/374308/chokli-police-seize-rs-6378-lakh-in-scooter-gold-trader-arrested)