(www.panoornews.in)നാദാപുരം വിലങ്ങാട് മലയങ്ങാട് ഉരുട്ടിക്കുന്നിന്‍ മുകളില്‍ കാട്ടുതീ പടര്‍ന്നു. ഏക്കര്‍ കണക്കിന് സ്ഥലത്തെ മരങ്ങള്‍ കത്തിനശിച്ചു. പകല്‍ ആരംഭിച്ച കാട്ടുതീ വൈകീട്ടോടെയാണ് അണയ്ക്കാന്‍ സാധിച്ചത്. വനഭൂമിയിലും സ്വകാര്യ വ്യക്തി കളുടെ ഭൂമിയിലും തീ ആളിപ്പടർന്നിരുന്നു.
ചെങ്കുത്തായ മലയ്ക്കു മുകളിലായതിനാല്‍ ഇവിടേക്ക് അഗ്‌നിര ക്ഷാ സേന ഏറെ പണിപ്പെട്ടാണ് എത്തിയത്. നാട്ടുകാരും ജനപ്രതിനിധികളും ചേര്‍ന്ന് തീ അണയ്ക്കാന്‍ ശ്രമിച്ചു. സ്വകാര്യ വ്യക്തികളുടെ ഭൂമിയില്‍ വന്‍നാശനഷ്ടമാണ് കാട്ടുതീ വിതച്ചത്. തെങ്ങ്, കവുങ്ങ്, റബ്ബര്‍, കശുമാവ് എന്നീ മരങ്ങള്‍ വ്യാപകമായി കത്തിയിട്ടുണ്ട്.
വാര്‍ഡ് മെമ്പര്‍ രാജു അലക്ലിന്റെയും സിപിഐ എം ലോക്കല്‍ കമ്മിറ്റി അംഗം ടി ടി സുനില്‍ കുമാറിന്റെയും നേതൃത്വത്തിലാണ് നാട്ടുകാര്‍ തീയണച്ചത്. പൊലീസും വനം വകുപ്പും സ്ഥലത്തെത്തി. തീപിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല. ഉരുട്ടി കുന്നിന്‍ മുകളില്‍ കഴിഞ്ഞ ദിവസവും സമാനരീതിയില്‍ തീ പടര്‍ന്നിരുന്നു.
Content Highlight: Huge forest fire in Nadapuram, Vilangad, Malayangad; It took a lot of work to extinguish it












































