#Vigilance Arrest #Mining Department #Mineral Revenue Inspector #Bribery Case #Kannur
കണ്ണൂർ: അനുമതിക്കായി കൈക്കൂലി വാങ്ങുന്നതിനിടെ ജില്ലാ മൈനിംഗ് ആൻഡ് ജിയോളജി ഓഫീസിലെ മിനറൽ റവന്യൂ ഇൻസ്പെക്ടർ വിജിലൻസ് സംഘത്തിന്റെ പിടിയിലായി.
കുറ്റേരി സ്വദേശി പി.പി. ശ്രീധരൻ (49) ആണ് അറസ്റ്റിലായത്. ഇന്നലെ വൈകിട്ട് 4.30-ന് ഇരിണാവിൽ വെച്ചാണ് കണ്ണൂർ വിജിലൻസ് യൂണിറ്റ് ശ്രീധരനെ കൈയോടെ പിടികൂടിയത്.
പൂഴി മണ്ണ് ശേഖരിച്ച് വിൽപ്പന നടത്തുന്നതിനുള്ള അനുമതിക്കായി അപേക്ഷിച്ച ചെറുകുന്ന് സ്വദേശിയിൽ നിന്നാണ് 15,000 രൂപ കൈക്കൂലി വാങ്ങിയത്.
2025 ജൂണിൽ ആണ് പരാതിക്കാരൻ കണ്ണൂർ മൈനിംഗ് ആൻഡ് ജിയോളജി ഓഫീസിൽ അപേക്ഷ സമർപ്പിച്ചത്. എന്നാൽ അപേക്ഷയിൽ അനുമതി വൈകിയതിനെ തുടർന്ന് പരാതിക്കാരൻ ഹൈക്കോടതിയെ സമീപിക്കുകയും അനുകൂല വിധി നേടുകയും ചെയ്തു.
തുടർന്ന് കഴിഞ്ഞ മാസം 8-ന് ജിയോളജി ഓഫീസിൽ നിന്ന് പരാതിക്കാരനെ ബന്ധപ്പെട്ട് രേഖകൾ ഹാജരാക്കാൻ ആവശ്യപ്പെട്ടു. പരാതിക്കാരൻ രേഖകളുമായി ഓഫീസിലെത്തി ശ്രീധരനെ കണ്ടു. സ്ഥല പരിശോധന നടത്തുന്നതിന് പിന്നീട് എത്താമെന്ന് പറഞ്ഞ് പരാതിക്കാരനെ തിരിച്ചയച്ചു.
എന്നാൽ ഉദ്യോഗസ്ഥർ എത്താത്തതിനെ തുടർന്ന് പരാതിക്കാരൻ വീണ്ടും ഓഫീസിലെത്തി. അപ്പോഴാണ് 30,000 രൂപ കൈക്കൂലി ആവശ്യപ്പെട്ടതെന്ന് പരാതിയിൽ പറയുന്നു. ഇത്രയും തുക നൽകാൻ കഴിയില്ലെന്ന് അറിയിച്ചപ്പോൾ സൈറ്റ് ഇൻസ്പെക്ഷന് എത്തുമ്പോൾ 15,000 രൂപ നൽകിയാൽ മതിയെന്ന് ശ്രീധരൻ ആവശ്യപ്പെടുകയായിരുന്നു.
വിവരം കണ്ണൂർ വിജിലൻസ് യൂണിറ്റ് ഡെപ്യൂട്ടി സൂപ്രണ്ടിനെ അറിയിച്ചു. അദ്ദേഹത്തിന്റെ നിർദ്ദേശപ്രകാരം ഇരിണാവ് ജംഗ്ഷന് സമീപം വെച്ച് പണം കൈമാറുന്നതിനിടെയാണ് ശ്രീധരനെ വിജിലൻസ് സംഘം അറസ്റ്റ് ചെയ്തത്.സംഭവത്തിൽ കേസെടുത്ത് കൂടുതൽ അന്വേഷണം നടത്തിവരികയാണെന്ന് വിജിലൻസ് അറിയിച്ചു.
Content Highlight: Kannur Mining Dept Inspector Arrested by Vigilance for Accepting Rs 15000 Bribe
#Vigilance Arrest #Mining Department #Mineral Revenue Inspector #Bribery Case #Kannur















































