നാദാപുരം: വിലങ്ങാട് പുഴയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ ഉത്തർപ്രദേശ് സ്വദേശി നിഖമിനായി തിരച്ചിൽ ഊർജിതമാക്കി.
ഞായറാഴ്ച വൈകീട്ടോടെയായിരുന്നു സംഭവം. അന്യസംസ്ഥാന തൊഴിലാളികളായ അഞ്ചംഗ സംഘം പുഴയിൽ കുളിക്കാനിറങ്ങിയതായിരുന്നു. പെട്ടെന്നുണ്ടായ കുത്തൊഴുക്കിൽ അഞ്ചുപേരിൽ മൂന്നുപേർ ഒഴുക്കിൽപ്പെടുകയായിരുന്നു.
ഒഴുക്കിൽപ്പെട്ടവരിൽ രണ്ടുപേരെ ഇന്നലെ തന്നെ നാട്ടുകാർ രക്ഷപ്പെടുത്തി. എന്നാൽ ശക്തമായ അടിയൊഴുക്കിൽപ്പെട്ട നിഖം ഒഴുകിപ്പോവുകയായിരുന്നു. നാട്ടുകാർ ഉടൻ തന്നെ രക്ഷാദൗത്യം നടത്തിയെങ്കിലും യുവാവിനെ കണ്ടെത്താനായില്ല.
രാത്രി ഏറെ വൈകിയും നാദാപുരം ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് പുഴയിൽ തിരച്ചിൽ നടത്തി. എന്നാൽ ഇരുട്ടും ശക്തമായ ഒഴുക്കും കാരണം തിരച്ചിൽ നിർത്തിവെക്കേണ്ടി വന്നു.



ഇന്ന് രാവിലെയോടെ തിരച്ചിൽ വീണ്ടും ആരംഭിച്ചു. പുഴയുടെ എല്ലാ ഭാഗങ്ങളിലും വ്യാപകമായി പരിശോധന നടക്കുകയാണ്. പുഴയിൽ ഇപ്പോഴും അടിയൊഴുക്ക് ശക്തമായതിനാൽ രക്ഷാപ്രവർത്തനം വെല്ലുവിളിയാകുന്നുണ്ട്.
സാധാരണ ആളുകൾ കുളിക്കാൻ ഇറങ്ങാറുള്ള ഭാഗത്താണ് യുവാക്കൾ ഇറങ്ങിയതെന്ന് നാട്ടുകാർ പറഞ്ഞു. മഴയ്ക്ക് ശേഷം പുഴയിൽ ജലനിരപ്പും ഒഴുക്കും കൂടിയിട്ടുണ്ട്. അതിനാൽ പുഴയിലും തോടുകളിലും ഇറങ്ങുമ്പോൾ ജാഗ്രത പാലിക്കണമെന്ന് പോലീസും ഫയർഫോഴ്സും മുന്നറിയിപ്പ് നൽകി.
Content Highlight: Search Intensified for UP Youth Missing in Vilangad River Nadapuram














































