(www.panoornews.in)കുളത്തൂരിലെ റബ്ബർ തോട്ടത്തിൽ പുലിയെ കണ്ടതായി നാട്ടുകാരൻ അറിയിച്ചു. ബുധനാഴ്ച രാത്രിയാണ് പ്രദേശവാസി പുലിയെ കണ്ടതെന്നാണ് വിവരം.
വിവരം അറിഞ്ഞയുടൻ ചെങ്ങളായി പഞ്ചായത്ത് അധികൃതർ വനം വകുപ്പിന് വിവരം കൈമാറി. തുടർന്ന് വ്യാഴാഴ്ച രാവിലെ മുതൽ തളിപ്പറമ്പ് റേഞ്ച് ഓഫീസർ സനൂപ് കൃഷ്ണന്റെ നേതൃത്വത്തിൽ വനം വകുപ്പ് ഉദ്യോഗസ്ഥരുടെ സംഘം സ്ഥലത്തെത്തി തിരച്ചിൽ ആരംഭിച്ചു. റബ്ബർ തോട്ടവും സമീപത്തെ കുറ്റിക്കാടുകളും കേന്ദ്രീകരിച്ചാണ് സംഘങ്ങൾ തിരിഞ്ഞ് പരിശോധന നടത്തുന്നത്.
നേരത്തെ സമീപ പ്രദേശമായ ചുഴലിയിൽ പുലിയെ കണ്ടതായി സ്ഥിരീകരിച്ച സാഹചര്യത്തിൽ കൂടിയാണ് ഇപ്പോഴത്തെ പരിശോധന ഊർജിതമാക്കിയത്. അതിനാൽ ജാഗ്രതാ നിർദേശങ്ങളും കർശനമാക്കിയിട്ടുണ്ട്.



പ്രദേശവാസികൾ രാത്രി സമയങ്ങളിൽ ഒറ്റയ്ക്ക് പുറത്തിറങ്ങരുതെന്നും കുട്ടികളെയും വളർത്തുമൃഗങ്ങളെയും സൂക്ഷിക്കണമെന്നും പഞ്ചായത്ത് അധികൃതർ നിർദേശിച്ചു. അതേസമയം പരിഭ്രാന്തി പരത്തുന്ന തരത്തിലുള്ള വ്യാജ വിവരങ്ങൾ പ്രചരിപ്പിക്കരുതെന്നും അവർ അഭ്യർഥിച്ചു. വനം വകുപ്പിന്റെ നിരീക്ഷണം തുടരുകയാണ്.
Content Highlight: Leopard Spotted in Kulathur Rubber Estate Chengalayi; Forest Department Launches Search














































