കണ്ണൂർ:(www.panoornews.in) സമൂഹത്തെ പ്രത്യേകിച്ച് യുവതി യുവാക്കളെ കാർന്ന് തിന്നുന്ന മയക്കുമരുന്നിനെതിരെ സംസ്ഥാന സർക്കാർ നടപ്പിലാക്കി കൊണ്ടിരിക്കുന്ന വിവിധ നടപടികൾക്കെതിരെ മയക്കുമരുന്നു മാഫിയ രംഗത്ത്. വാർത്തകൾ നൽകുന്ന മാധ്യമങ്ങൾക്കെതിരെ, സാക്ഷിപറയുന്ന തൂഫാൻ വാരിയേർസിനെതിരെ ഒക്കെയാണ് പരസ്യഭീഷണി ഉയർത്തുന്നത്.
കഴിഞ്ഞ ദിവസങ്ങളിൽ തളിപ്പറമ്പിൽ നിന്ന് നിരവധി പേരെ മയക്കുമരുന്നുമായി പിടികൂടിയിരുന്നു. സാധാരണഗതിയിൽ ഇത്തരം കേസുകളിൽ എക്സൈസിനും പോലീസിനും സാക്ഷികളെ കിട്ടാറില്ല.
എന്നാൽ തൂഫാൻ വാരിയേർസായ യൂത്തീ ലീഗിന്റെയും വൈറ്റ്ഗാർഡിൻ്റെയും പ്രാദേശിക നേതാക്കളടക്കം സാക്ഷിപറയാൻ രംഗത്തുവന്നതാണ് മയക്കു മരുന്ന് മാഫിയകളെ പ്രകോപിതരാക്കിയത്.
കഴിഞ്ഞ ദിവസം അറസ്റ്റിലായ രണ്ട് യുവാക്കളുടെ ചിത്രം സഹിതം വാർത്ത നൽകിയ മാധ്യമപ്രവർത്ത കരെയും, കേസിലെ സാക്ഷികളെയും വിദേശത്ത് നിന്ന് നെറ്റ്കോളിലൂടെ വിളിച്ചാണ് ഭീഷണിപ്പെടു ത്തിയത്. ഇതിനെതിരെ യൂത്തീ ലീഗ് നേതാക്കൾ തളിപ്പറമ്പ പോലീസിൽ ഇന്നലെ രാത്രി പരാതി നൽകിയിട്ടുണ്ട്.



തളിപ്പറമ്പിൽ നിന്നും അടുത്ത കാലത്ത് പിടികൂടിയ പല മയക്കുമരുന്ന് സംഘങ്ങളെയും നയിക്കുന്നത് തളിപ്പറമ്പ സ്വദേശിയായ ഇപ്പോൾ കുവൈത്തിൽ കഴിയുന്ന യുവാവാണ്. ഇയാളാണ് മയക്കുമരുന്ന് മൊത്തമായി എത്തിക്കുന്നത്. പണം ബാങ്ക് വഴി ഇയാളുടെ അക്കൗണ്ടിലും, ബന്ധുക്കളുടെ അക്കൗണ്ടിലും എത്തിക്കുകയാണ് ചെയ്യുന്നത്.
നഗരത്തിൽ കടകളിൽ ജോലി ചെയ്യുന്ന യുവതി-യുവാക്കളെ സ്വാധീനിച്ച് അവരുടെ പേരിൽ ഏതെങ്കിലും ബാങ്കിൽ അക്കൗണ്ട് തുടങ്ങി ഇതുവഴി യാണ് ഇവർ ഇടപാട് നടത്തുന്നത്. ഇതിന് പ്രതിമാസം 5000 മുതൽ 10,000 വരെ പ്രതിഫലം നൽകാറുമുണ്ട്.
ഇത്തരത്തിൽപ്പെട്ട രണ്ട് പേരെയാണ് കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്തത്.ഇങ്ങനെയുള്ള മറ്റ് ചിലരുടെ വിവരങ്ങളും തളിപ്പറമ്പ പോലീസ് ഇതിനകം ശേഖരിച്ചിട്ടുണ്ട്. ഇവരെക്കുറിച്ച് അന്വേഷണം ആരംഭിച്ചതോടെയാണ് മയക്കുമരുന്ന് മാഫിയ ഭീഷണിയുമായി രംഗത്തുവന്നത്
Content Highlight: Kannur Drug Mafia Issues Death Threats to Witnesses and Media; Youth League Files Complaint















































