കണ്ണൂർ: ട്രെയിനിൽ വെച്ച് സഹയാത്രികനുമായി പരിചയം നടിച്ച് ഒപ്പം കൂടി മൊബൈൽ ഫോൺ കവർന്ന കേസിലെ പ്രതി കണ്ണൂർ റെയിൽവേ പോലീസിന്റെ പിടിയിലായി.
പഴയങ്ങാടി വേങ്ങര സ്വദേശി പി.വി. വിജുവിനെയാണ് ജി.ആർ.പി അറസ്റ്റ് ചെയ്തത്. കാസർഗോഡ് മുളിയാർ സ്വദേശിയുടെ വിലയേറിയ മൊബൈൽ ഫോണാണ് പ്രതി മോഷ്ടിച്ചത്.
ട്രെയിനിൽ യാത്ര ചെയ്യുന്നതിനിടെ ഇരയുമായി സംസാരിച്ച് സൗഹൃദം സ്ഥാപിച്ച പ്രതി, തക്കം നോക്കി ഫോൺ കൈക്കലാക്കുകയായിരുന്നു. മോഷണം നടത്തിയ ശേഷം കവർന്ന ഫോണുമായി കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ ഇറങ്ങിയപ്പോഴാണ് പോലീസിന്റെ കണ്ണിൽപ്പെടുന്നത്.
റെയിൽവേ കൺട്രോൾ റൂമിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ ജി.ആർ.പി. എസ്.ഐ മനോജ്, ഇന്റലിജൻസ് വിഭാഗത്തിലെ സിനോജ് എന്നിവർ ചേർന്ന് നടത്തിയ പരിശോധനയിലാണ് പ്രതിയെ പിടികൂടിയത്. ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു. മോഷ്ടിച്ച മൊബൈൽ ഫോണും പോലീസ് കണ്ടെടുത്തു.



ട്രെയിൻ യാത്രക്കിടെ അപരിചിതരുമായി അമിതമായി ഇടപഴകാതിരിക്കാനും വിലപിടിപ്പുള്ള സാധനങ്ങൾ സൂക്ഷിച്ച് വെക്കാനും യാത്രക്കാർ പ്രത്യേകം ശ്രദ്ധിക്കണമെന്ന് റെയിൽവേ പോലീസ് നിർദേശിച്ചു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Content Highlight: Man Arrested in Kannur for Stealing Mobile Phone from Train Passenger














































