#Street Dog Attack #Student Safety #CCTV Footage #Chembad
ചമ്പാട്:(www.panoornews.in) ചമ്പാട് മദ്രസയിലേക്ക് സൈക്കിളിൽ പോകുകയായിരുന്ന വിദ്യാർത്ഥി തെരുവുനായയുടെ ആക്രമണത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടു.. ചമ്പാട് വെസ്റ്റ് യു.പി. സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിയും, എഴുത്തുപള്ളി ഒ.പി. ഉസ്മാന്റെ മകനുമായ സുന്നൂറെയ്ൻ ആണ് അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത്.
ശനിയാഴ്ച രാവിലെ മദ്രസയിലേക്ക് സൈക്കിളിൽ പോകുന്നതിനിടെയാണ് സംഭവം. താഴെ ചമ്പാട് തൃപ്തി റോഡിലെത്തിയപ്പോൾ തെരുവുനായകൾ പെട്ടെന്ന് സൈക്കിളിന് മുമ്പാകെ ഓടിയെത്തി ആക്രമിക്കാൻ ശ്രമിക്കുകയായിരുന്നു. അപ്രതീക്ഷിതമായ ആക്രമണത്തിൽ ഭയന്ന വിദ്യാർത്ഥി സൈക്കിളുപേക്ഷിച്ച് സമീപത്തെ വീട്ടിലേക്ക് ഓടിക്കയറുകയായിരുന്നു. കരച്ചിൽ കേട്ട് സമീപത്തെ ടർഫിൽ നിന്നും ആളുകൾ ഓടിയെത്തി നായകളെ ഓടിച്ചു.
സംഭവത്തിന്റെ സമീപത്തെ സി.സി.ടി.വി. ക്യാമറയിൽ പതിഞ്ഞ ദൃശ്യങ്ങൾ പ്രദേശവാസികളിൽ ആശങ്കയുണ്ടാക്കിയിട്ടുണ്ട്. സംഭവത്തെക്കുറിച്ച് കുട്ടിയുടെ വാക്കുകൾ ഇങ്ങനെ.
പ്രദേശത്ത് തെരുവുനായ ശല്യം രൂക്ഷമാണെന്നും കുട്ടികളും വയോധികരും ഉൾപ്പെടെയുള്ള കാൽനടയാത്രക്കാർ ഭീതിയോടെയാണ് സഞ്ചരിക്കുന്നതെന്നും സമീപവാസിയായ റിട്ട. എസ് ഐ കെ.വി പദ്മനാഭൻ പറഞ്ഞു. സ്കൂളുകളിലേക്കും മദ്രസകളിലേക്കും പോകുന്ന വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കാൻ ബന്ധപ്പെട്ട അധികൃതർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് സുന്നൂറെയ്ന്റെ പിതാവ് ഉസ്മാൻ ആവശ്യപ്പെട്ടു.
സമീപകാലത്ത് ചമ്പാട് ടൗണിൽ ഉൾപ്പടെ തെരുവുനായ ആക്രമണങ്ങൾ വർധിച്ച സാഹചര്യത്തിൽ വ്യാപാരികൾക്കും ആശങ്കയുണ്ടെന്ന് ചമ്പാട്ടെ വ്യാപാരി വി.പി സുധീന്ദ്രനും പറഞ്ഞു.
Content Highlight: Champad Madrasa Student Narrowly Escapes Street Dog Attack, CCTV Footage Viral
#Street Dog Attack #Student Safety #CCTV Footage #Chembad








































