കോടിയേരി:(www.panoornews.in)ഫിഫ ലോകപ്പ് ആവേശം കൊടുമ്പിരിക്കൊള്ളുമ്പോൾ അർജന്റീന ആരാധകനായ നാലാം ക്ലാസുകാരൻ്റെ പാട്ട് സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു.
കൊടിയേരി സ്വദേശി അൻവിൻ വിജേഷ് ആണ് വൈറൽ താരം. തിരുവാങ്ങാട് ചന്ദുമേനോൻ സ്മാരക വലിയമാടവിൽ സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിയാണ് അൻവിൻ.
അർജന്റീനയുടെ ഔദ്യോഗിക ജേഴ്സി അണിഞ്ഞാണ് അൻവിൻ്റെ പാട്ട്. ടീമിലെ പ്രിയപ്പെട്ട കളിക്കാരുടെ പേരുകൾ ചേർത്ത് ഈണം പകർന്നാണ് കുട്ടി പാടുന്നത്. മെസി മുതൽ മാർട്ടിനസ് വരെ അർജന്റീന ടീമിലെ താരങ്ങളെ ഒന്നൊന്നായി പാട്ടിലൂടെ ഓർക്കുന്നുണ്ട്.
വീട്ടിൽ നിന്ന് പകർത്തിയ വീഡിയോ ആണ് ആദ്യം സുഹൃത്തുക്കൾക്ക് അയച്ചത്. പിന്നീട് അത് വാട്സ്ആപ്പ് ഗ്രൂപ്പുകളിലൂടെയും ഫേസ്ബുക്കിലൂടെയും പെട്ടെന്ന് പ്രചരിക്കുകയായിരുന്നു. കുട്ടിയുടെ എനർജിയും അർജന്റീനയോടുള്ള സ്നേഹവും കണ്ട് നിരവധി പേരാണ് വീഡിയോ ഷെയർ ചെയ്യുന്നത്.



കൊടിയേരി ബാങ്ക് ജീവനക്കാരൻ വിജേഷാണ് അൻവിൻ്റെ പിതാവ്. പുന്നോൽ ബാങ്ക് ജീവനക്കാരിയായ നിമിഷയാണ് മാതാവ്. മകൻ്റെ ഫുട്ബോൾ പ്രേമത്തിനും പാട്ടിനും വീട്ടുകാരും സ്കൂളും പൂർണ പിന്തുണ നൽകുന്നുണ്ട്.
ഫുട്ബോളിനോടും പ്രത്യേകിച്ച് അർജന്റീന ടീമിനോടുമുള്ള അൻവിന്റെ ആവേശവും പാട്ടിലെ ആത്മവിശ്വാസവും വീഡിയോയെ ശ്രദ്ധേയമാക്കിയിരിക്കുകയാണ്. സാമൂഹ്യമാധ്യമങ്ങളിൽ നിരവധി പേർ വീഡിയോ പങ്കുവെച്ച് കൊച്ചു ആരാധകനെ അഭിനന്ദിക്കുന്നുമുണ്ട്.
Content Highlight: Kannur 4th Class Student Anwin Vijesh’s Argentina Song Goes Viral During FIFA World Cup














































